ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം – പോരുവഴി പെരുവിരുത്തി മലനട

കൗരവരിൽ മൂത്തവനായ ദുര്യോധനനെ പൂജിക്കുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലെ ഇടയ്ക്കാട് സ്ഥിതി ചെയ്യുന്ന ‘പോരുവഴി പെരുവിരുത്തി മലനട’ ക്ഷേത്രം.

ഭൂമിക്കു കരം പിരിവു തുടങ്ങുന്ന കാലം മുതൽ പട്ടയധരന്റെ സ്ഥാനത്തു ‘ദുര്യോധനൻ’ എന്ന പേരിൽ നികുതി അടയ്‌ക്കുന്ന മണ്ണ്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ആണ് പോരുവഴി പെരുവിരുത്തി മലനട. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ദ്രാവിഡാചാര വിധിപ്രകാരമുള്ള പൂജകൾ ആണ് ഇവിടെ ചെയ്തുവരുന്നത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും 7 കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ് ക്ഷേത്ര നിയന്ത്രണം.

ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും ആണ് കൂടുതൽ പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്.

മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളി തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകൾ. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുത്സവം നടക്കുന്നത് മലനടയിൽ ആണ്. നെൽപ്പാടങ്ങളിൽ നിരന്നു നിൽക്കുന്ന കെട്ടു കാളകളും കുതിരക്കളും മലനട കുന്നു കേറുന്ന കാഴ്ച്ച ഹരം ഏകുന്ന ഒന്ന് തന്നെ ആണ്. മലയാള മാസമായ മീനത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ച വൻപിച ആഘോഷങ്ങളുമായി ആണ് മലക്കുട മഹോത്സവം നടക്കുന്നത്. മലക്കുട മഹോത്സവത്തോടുകൂടി ഉത്സവാഘോഷങ്ങൾ സമാപിക്കുമെങ്കിലും മൂന്നാം വെള്ളിയാഴ്ച കോടി ഇറങ്ങുന്നതോടുകൂടിയാണ് ഉത്സവത്തിന്റെ ചടങ്ങുകൾ സമാപിക്കുക.

ദുര്യോധനൻ യുദ്ധത്തിന് പോയി ജയിച്ചു വരുമ്പോൾ ആഘോഷങ്ങൾക്കായിട്ടാണ് മലക്കുട ഉത്സവം നടത്തുന്നത്. എന്നാൽ അർത്ഥ രാത്രിക്കു മുൻപ് താൻ തിരിച്ചു എത്തി ഇല്ലെങ്കിൽ, മരിച്ചെന്നു കണക്കാക്കി
വായികരി പൂജ നടത്തുവാനും നിർദേശിച്ചിരുന്നു എന്നും പറയപ്പെടുന്നു. ആ നിർദേശപ്രേകരം ഉത്സവത്തിന്റെ അന്ന് അർത്ഥ രാത്രിക്കു ശേഷം (12 മണിക്ക്) ക്ഷേത്രത്തിന്റെ പ്രധാന ആൽത്തറയിൽ ഇന്നും വായികരി പൂജ നടത്താറുണ്ട്.

കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മറ്റു കൗരവപ്രമുഖരുടെയും മലനട ക്ഷേത്രങ്ങളുണ്ട്.

“മഹാഭാരതത്തിലെ വില്ലൻ ആണ് ഞങ്ങളുടെ ദൈവം. സൂതപുത്രൻ എന്ന് വിളിച്ചു ആക്ഷേപിച്ച കർണ്ണന് തന്റെ പകുതി രാജ്യം നൽകിയത് പോലെ സ്നേഹിക്കുന്നവർക്കും സുഹൃത്തുകൾക്കും എന്തും നൽകുന്ന വിളിച്ചാൽ വിളിപ്പുറത്തുള്ള പൊന്നു മലയപ്പുപ്പന്റെ മക്കൾ ആണ് ഞങ്ങൾ” – എന്നാണു അപ്പൂപ്പന്റെ ഭക്‌തരുടെ വാദം.

 
  •   
  •   
  •   
  •   
  •   
  •  
  •  
  •  
  •  

Comments

comments